ന്യൂഡല്‍ഹി: 2900 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ വിവരം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് ഡൽഹിയിൽ ഉഗ്രസ്ഫോടനം അരങ്ങേറിയത്. വൻതോതിൽ സ്ഫോടകവസ്തുക്കൾ ഡോക്ടര്‍മാരുടെ കൈവശം എത്തിച്ചതിന്റെ ഗൂഢാലോചന പാക്കിസ്ഥാനിലും നിയന്ത്രണം കാഷ്മീരിലുമായിരുന്നുവെന്ന് അന്വേഷണസംഘങ്ങള്‍ കണ്ടെത്തിയിരുന്നു.
ഡോക്ടര്‍മാരായതിനാല്‍ തലസ്ഥാന മേഖലയില്‍ ആരും സംശയിക്കില്ലെന്ന ധാരണയിലാണു തങ്ങളെ തെരഞ്ഞെടുത്തതെന്ന് ഡോ. അദീലും ഡോ. മുജമ്മില്‍ ഷക്കീലും ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയതായി ഉന്നതകേന്ദ്രങ്ങള്‍ അറിയിച്ചു. ലക്ഷ്യം ഏതാണെന്ന സംശയത്തിന്, കാത്തിരുന്നു കാണൂഎന്നാണ് ഇരുവരോടും കാഷ്മീരിലെ കേന്ദ്രങ്ങള്‍ പറഞ്ഞത്.
ജയ്ഷ് ഇ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്ത് ഉൽ-ഹിന്ദ് എന്നീ തീവ്രവാദസംഘടനകളാണ് ഗൂഢാലോചനയ്ക്കു പിന്നിലെന്നു വ്യക്തമായതായി അന്വേഷണസംഘം വെളിപ്പെടുത്തി. രാജ്യതലസ്ഥാനത്ത് വര്‍ഗീയമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ലക്ഷ്യമായിരുന്നുവെന്ന് ഇരുവരും ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. 2018 നും 2021 നും ഇടയില്‍ കാഷ്മീരില്‍ പരിക്കേറ്റ ഭീകരര്‍ക്കു വൈദ്യസഹായം നല്‍കിയിരുന്നതായും ഇവർ അന്വേഷണസംഘത്തോട് പറഞ്ഞു.
ജമ്മുവിലെ ഇമാമായ ഇര്ഫാന് അഹമ്മദാണ് ഡോക്ടര്‍മാരെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്. 2019ല്‍ സുരക്ഷാസേന വധിച്ച കൊടുംഭീകരന് സാക്കിര്‍ മൂസയുമായി ഇമാമിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മുജമ്മില്‍ ഷക്കീൽ ജോലി ചെയ്യുന്നത്. ഡല്‍ഹിയില്‍നിന്ന് 45 കിലോമീറ്റർ മാത്രമാണ് ഫരീദാബാദിലേക്കുള്ളത്.
കഴിഞ്ഞ ഒക്ടോബര്‍ 27ന് ശ്രീനഗറില്‍ ജെയ്ഷ് ഭീകരരെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണമാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടുന്ന വിപുലമായ അന്വേഷണത്തിലേക്കു നയിച്ചത്. ഡോ. അദീല്‍ പോസ്റ്ററുകള്‍ പതിക്കുന്നത് സിസിടിവിയില്‍ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പിന്നീട് ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.